International
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടു മൂലമാണെന്ന് യുകെ സ്ഥിരീകരിച്ചു. ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസ്(എഫ്സിഡിഒ) മന്ത്രി സ്റ്റീഫൻ ഡോട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ചേഗോസ് ദ്വീപുകളിലൊന്നായ ഡീയേഗോ ഗാർസ്യയിലാണ് യുഎസ്-യുകെ സൈനികതാവളം സ്ഥിതി ചെയ്യുന്നത്. അറുപതോളം ദ്വീപുകളാണ് ചേഗോസിലുള്ളത്. മൗറീഷ്യസിനു ചേഗോസ് ദ്വീപുകൾ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനുവരിയിൽ യുകെ പ്രധാനമന്ത്രി കീയർ സ്റ്റാർമറോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഫ്രഞ്ച് കോളനിയായിരുന്ന മൗറീഷ്യസ് ചേഗോസ് ദ്വീപുകളും 1845ൽ ബ്രിട്ടനു കൈമാറിയതാണ്. 1968ൽ മൗറീഷ്യസ് സ്വാതന്ത്ര്യം നേടി. അന്നുമുതൽ അവർ ചേഗോസിനുമേൽ അവകാശവാദം ഉന്നയിക്കുന്നു.
International
ഇസ്ലാമാബാദ്: ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിച്ചതായി റിപ്പോർട്ട്.
ഖത്തറിലെയും ഇതര രാജ്യങ്ങളിലെയും ബാങ്കുകളിലുള്ള ഇത്തരം ആസ്തികൾ ഇറാനു തിരികെ ലഭിക്കും.ഇസ്ലാമാബാദിലെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്കിടെയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കു തയാറായതെന്നു സൂചനയുണ്ട്. ഹോർമുസിലെ സഞ്ചാരസ്വാതന്ത്ര്യം ഇസ്ലാമാബാദ് ചർച്ചയിലെ പ്രധാന വിഷയമാണ്.
അതേസമയം, ആസ്തികൾ വിട്ടുകൊടുക്കുന്നകാര്യം സ്ഥിരീകരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയാറായിട്ടില്ല.
യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായിട്ടാണ്, ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ പുറത്തേക്കു കടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
ഇതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയർന്നു. അമേരിക്കയുമായി രണ്ടാഴ്ച വെടി നിർത്താൻ സമ്മതിച്ചെങ്കിലും ഹോർമുസിൽ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നതായി ആരോപണമുണ്ട്.
National
ലക്നോ: ബിരിയാണി കടയിലെ ഫ്രീസറിൽ യുവാവിന്റെ മൃതദേഹം. ബക്ഷി കാ തലാബിൽ വെജിറ്റബിൾ ബിരിയാണി കടയിലെ ഫ്രീസറിനുള്ളിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കിഷൻപൂർ മജ്റ സ്വദേശി വിജയ് പാൽ (35) ആണ് മരിച്ചത്.
കടയുടമ ഷാനി റാവത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും കട തുറക്കാൻ ഷാനി എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടത്.
ഉയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.
ദിവസ വേതനക്കാരനായ വിജയ് അഞ്ച് വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞതിനുശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുയയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില് നിര്ണായക കണ്ടെത്തലുകള്. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
Kerala
മൂന്നാര്: ശൈത്യത്തിന്റെ പിടിയിലമര്ന്ന് മൂന്നാര്. താപനില മൈനസ് ഡിഗ്രിയില് എത്തിയതോടെ പുല്മേടുകളും എസ്റ്റേറ്റും മലനിരകളും മഞ്ഞില് പുതഞ്ഞ നിലയിലാണ്. ചെണ്ടുവര, നല്ലതണ്ണി, സൈലന്റ്വാലി, സെവന്മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില് എത്തിയത്.
മാട്ടുപ്പെട്ടി, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷസായിരുന്നു കുറഞ്ഞ താപനില. മൂന്നാര് ടൗണില് രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒന്നിലേക്ക് താപനില താഴ്ന്നു. ഇതോടെ കനത്ത മഞ്ഞും തണുപ്പുമാണ് ഇവിടെ അനുഭവപ്പെടുന്നത്. മുന് വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പിന്റെ കാഠിന്യം കൂടുതലാണ്.
ശൈത്യം ആസ്വദിക്കാന് ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില് എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്ച്ചയായി മഴ പെയ്തതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില് കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്ഷസ് വരെ എത്തിയിരുന്നു. മൂന്നാര് ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്ഷസായിരുന്നു താപനില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്സമയത്തും നല്ല തണുപ്പാണ്.
ശൈത്യം ഇനിയും വര്ധിക്കാനാണു സാധ്യത. തണുപ്പ് ആസ്വദിക്കാന് അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില് ഹോട്ടലുകളും റിസോര്ട്ടുകളിലുമെല്ലാം തിരക്ക് വര്ധിച്ചുതുടങ്ങിയിട്ടുണ്ട്.